Skip to main content

പരീക്ഷണകാലം

രണ്ടായിരത്തിപ്പതിനേഴിലെ ഒരു പരീക്ഷാക്കാലം . കൃത്യമായി പറഞ്ഞാൽ കാലിക്കറ്റ് സർവ്വകലാശാല 'പണി' തന്ന് നീട്ടിവെച്ച മൂന്നാം സെമസ്റ്റർ പരീക്ഷാ മാമാങ്കം.ആകെ കൂടെ നാല് വിഷയങ്ങൾ മാത്രമേ പഠിയ്ക്കാനുള്ളു എന്ന അഹങ്കാരം കാരണം ഞങ്ങൾ സ്റ്റഡി ലീവ് ഒക്കെ ആഘോഷിച്ചു നടപ്പായിരുന്നു (അതിപ്പോ നാലല്ല നാല്പതായാലും പഠിത്തമൊക്കെ അത്രയ്ക്കേ ഉണ്ടാവുകയുള്ളൂ!). പഠിക്കാനുള്ള ആക്രാന്തത്തിൽ പുസ്തകങ്ങളൊക്കെ പൊടിതട്ടിയെടുത്ത് എത്തുമ്പോഴേക്കും പഠിക്കാനുള്ള  ആവേശം ഒക്കെ അങ്ങ് കെട്ടടങ്ങും. പിന്നെ 'നാളെ 'പഠിക്കാമെന്ന പ്രത്യാശ ഉള്ളതുകൊണ്ട് ബുക്കും അടച്ചുവെച്ച്  എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ചുമ്മാ കിടന്നുറങ്ങും. ഇതായിരുന്നു സ്ഥിരം കലാപരിപാടി. എന്നാൽ പരീക്ഷാ ദിവസം അടുക്കുന്തോറും  മനസ്സിൽ എവിടെയൊക്കെയോ പേടി കടന്നുകൂടി. ഇനിയെങ്കിലും  പഠിച്ചില്ലെങ്കിൽ തോറ്റു തുന്നം പാടും എന്നതിൽ സംശയമില്ല . പരീക്ഷാക്കാലത്ത് മാത്രം കണ്ടുവരുന്ന കലാരൂപമായ കമ്പൈൻ സ്റ്റഡി മികച്ച ആശയമായതുകൊണ്ട് ക്ലാസ് ഗ്രൂപ്പിൽ ഞാൻ പതുക്കെ  ഒരു സന്ദേശം തട്ടിക്കൂട്ടി. ഒരുമിച്ചിരുന്ന് പഠിക്കാമെന്ന് കേട്ടപ്പോൾ എല്ലാവർക്കും പൂർണ്ണസമ്മതം. അതുവരെ ചത്തുകിടന്ന ഗ്രൂപ്പ് ഉണർന്നു. എല്ലാവരും ചറപറ  അയക്കുന്നു, അങ്ങനെ കമ്പൈൻ സ്റ്റഡി സെറ്റ്! 



പിറ്റേന്ന് രാവിലെ എട്ടു മണിക്കുള്ള ബസ്സിൽ എങ്ങനെയൊക്കെയോ കയറിക്കൂടി.പടാകുളമെത്തിയപ്പോൾ അതാ ആതിര. ഒരു മാസത്തോളം അവധിയുണ്ടായിട്ടും പിള്ളേരുടെ കൂടെ കൊത്തംകല്ല് കളിച്ചു നടന്നതിന്റെ പരിണിതഫലങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് തെല്ലൊരാശ്വാസം. സംഗതി ഞങ്ങൾ രണ്ട് പേരും ഒരേ കപ്പലിലാണേ! കോളേജ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ക്ലാസിലെ ഒട്ടുമിക്കവരും അവിടെയുണ്ട്. പ്രവീണയുടെ കൈയിൽ കെട്ടുകണക്കിന് സ്റ്റഡി മെറ്റീരിയൽ. ഇതിനും മാത്രമൊക്കെ എവിടുന്ന് കിട്ടിയോ ആവോ! അല്ലെങ്കിലുമതൊരു പതിവാണ്. പരീക്ഷയാകാറാകുമ്പോൾ എവിടെന്നെങ്കിലും കുറേ പുസ്തകങ്ങളും കടലാസുകളും കൊണ്ട് വരും. എന്നിട്ട് അതൊക്കെ ഉറക്കെ വായിക്കും. സ്വയം പ്രഖ്യാപിത നന്മ മരം. എന്നെയും ആതിരയെയും കണ്ടപാടെ പ്രവീണയും ഗിൽഷയും ഓടിച്ചാടി എത്തി. തൊട്ടുപിന്നാലെ നാടകചരിത്രവും കേരളചരിത്രവും താങ്ങി പിടിച്ചു കൊണ്ട് നിഥുലും ജിതിനും. ഞങ്ങൾക്ക് ക്ലാസൊന്നും ഇല്ലാത്തതുകൊണ്ട്  ക്ലാസ് മുറികളും തുറന്നിരുന്നില്ല .ഓഫീസിൽ ചെന്ന് ക്ലാസ് തുറന്നു തരാൻ പറഞ്ഞപ്പോൾ നിങ്ങൾക്കൊന്നും ക്ലാസ് ഇല്ലല്ലോ എന്നൊരു ചോദ്യം.പഠിക്കാനാണെന്ന് പറഞ്ഞപ്പോൾ നീയൊക്കെ പഠിക്കാനോ എന്ന മട്ടിൽ ഒരു നോട്ടം .എന്തായാലും കുറച്ചുനേരം  ഞാനും പ്രവീണയും അവിടെത്തന്നെ കളം വരച്ചൊക്കെ നിന്നു.എന്നിട്ടും ഒരു രക്ഷയുമില്ല. വകുപ്പ് മേധാവി സമ്മതിച്ചാൽ തുറന്ന് തരാമെന്ന്  ഔദാര്യം .പഠിക്കാൻ ക്ലാസ് മുറി തന്നെ വേണ്ട എന്ന് പറഞ്ഞ് പുച്ഛിച്ച്  ഞങ്ങൾ നേരെ മൂന്നാം വർഷം ക്ലാസിനു മുന്നിലുള്ള  പടികളിൽ ചെന്ന് നിരന്നിരുന്നു .അത് സത്യത്തിൽ  ഞങ്ങളുടെ സ്ഥിരം ഇടമാണ്. കൂലങ്കഷമായ ചർച്ചകൾക്കും സംവാദങ്ങൾക്കും  സാക്ഷ്യംവഹിച്ച ഇടം. സ്റ്റാഫ് റൂമിൽ കയറി നോക്കിയപ്പോൾ  അദ്ധ്യാപകർ ആരുമില്ല .എല്ലാവരും  ക്ലാസ്സുകളിൽ പോയിരിക്കുകയാണ്.ലൈബ്രറിയുടെ മുന്നിൽ ഒരു അരികെ നിന്ന്പൊതിച്ചോറ് വിതരണം നടക്കുന്നുണ്ട്.അപ്പോഴതാ അവിടെ ആതിര നിൽക്കുന്നു. അത് പറയാൻ വിട്ടു പോയി, ആതിര ഞങ്ങളുടെ കോളേജ് യൂണിയൻ ജോയിൻ സെക്രട്ടറിയാണ്.പഠിക്കാൻ വന്നവൾ അവിടെനിന്ന് പൊതിച്ചോറ് വിതരണം ചെയ്യുന്നു.അവളെ ഇനി ഉച്ചയ്ക്ക് നോക്കിയാൽ മതി.ഞങ്ങൾ പതുക്കെ  പുസ്തകങ്ങളൊക്കെ തുറന്ന് എന്തൊക്കെ പഠിക്കണം എങ്ങനെ പഠിക്കണം  എന്നൊക്കെ ആലോചിച്ചു തുടങ്ങി. അപ്പോഴാണ് ഏത് വിഷയം ആദ്യം പഠിക്കണം എന്ന് ആലോചിച്ചത്.
അപ്പോ പിന്നെ പറയേണ്ടല്ലോ, ആകെ കൂടെ നാല് വിഷയങ്ങൾ ഉണ്ട്. എന്നാൽ നാലെണ്ണവും  പഠിക്കാമെന്ന് ഗിൽഷ. അത് വേണ്ട നാടകചരിത്രമാണ് ബുദ്ധിമുട്ട് അത് പഠിച്ചാൽ മതിയെന്ന് പ്രവീണ. ഇതൊന്നും പറ്റില്ല കവിത പഠിക്കണമെന്ന് ജിതിൻ. വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിച്ചാലോ എന്ന് ഞാനും. വിശപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണു വിടർന്നു പിന്നെ പുസ്തകവും വേണ്ട കടലാസും വേണ്ട നാടകവും വേണ്ട എന്തെങ്കിലും കഴിച്ചാൽ മതി.കോളേജ് കാന്റീനിൽ അപ്പോൾ പോയാൽ കിട്ടുന്നത് തണുത്ത സവാള വട അല്ലെങ്കിൽ മധുരമില്ലാത്ത പഴംപൊരി. പക്ഷേ, കോളേജിൻറെ പുറകുവശത്ത് ഒരു ഒന്നാന്തരം ബജിക്കടയുണ്ട്.അവിടത്തെ മുട്ട ബജിയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ നാവിൽ വെള്ളമൂറി. മുട്ടബജി മാത്രമോ? ശർക്കരയും തേങ്ങാക്കൊത്തും  ചേർത്ത്  പുഴുങ്ങിയെടുത്ത  സുന്ദരി കൊഴുക്കട്ട, മൊരിഞ്ഞ വാഴക്കപ്പം, എരിവുള്ള മസാലബോണ്ട പിന്നെ  ബജിക്കട ചേട്ടൻറെ സ്പെഷ്യൽ ഹോർലിക്സ്. കോളേജിൻറെ  മതിൽ ചാടിയോടാൻ ഇതൊക്കെ തന്നെ ധാരാളം. ബോണ്ടയും  ബജിയും ഹോർലിക്സും   ഒക്കെ തട്ടി കഴിഞ്ഞപ്പോഴേക്കും തെല്ലൊരു ക്ഷീണം .കഥയൊക്കെ  പറഞ്ഞു ആടിയുലഞ്ഞു ആഷിക്കിന്റെ വീടിൻറെ മുൻവശത്തുള്ള വഴി ചുറ്റിക്കറങ്ങി ഓഫീസിന്റെ തെക്കുവശത്തുള്ള ഗേറ്റിലെത്തുമ്പോഴുണ്ട്, ധന്യ ടീച്ചർ ! ടീച്ചർ എന്താ ഇവിടെയെന്ന് അറിയാതെ ഒരു ചോദ്യം ജിതിന്റെ വായിൽ നിന്ന് വീണു.ഞാൻ പിന്നെ എവിടെ നിൽക്കണം എന്നൊരു ചിരിയും തന്ന് ധന്യ ടീച്ചർ പോയി. വീണ്ടും  പഴയ സ്ഥാനത്തെത്തി ഞങ്ങൾ  പഠിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പക്ഷേ, വീണ്ടും  അതിനെയെല്ലാം അട്ടിമറിച്ചുകൊണ്ട് അമൃത ബാബു രംഗത്തെത്തി. അമൃതയുടെ  ചേച്ചിയുടെ കല്യാണം പ്രമാണിച്ച് കിട്ടിയതും കൊടുത്തതുമായ  മധുരപലഹാരങ്ങളുമായാണ് പുള്ളിക്കാരിയുടെ വരവ്. വലിയ വിശപ്പ് ഒന്നുമില്ലെങ്കിലും ലഡുവും ജിലേബിയും കുഴലപ്പവും ഒക്കെ കണ്ടപ്പോൾ മനസ്സിനാകെ ഒരു ചാഞ്ചാട്ടം.അതെല്ലാം കഴിച്ചു തീർത്തപ്പോഴേക്കും ഇനി വിശ്രമത്തിന് ശേഷമാകാം പഠനമെന്നായി. വിശ്രമം ഒക്കെ കഴിഞ്ഞപ്പോഴേക്കും  ഉച്ചയായി . കാൻറീനിൽ പോയി ഊണൊക്കെ കഴിച്ചു .നാടക ചരിത്രത്തിൻറെ  ആദ്യത്തെ ഒരു പേജ് വായിച്ചപ്പോഴേക്കും  മനസ്സ് മടുത്തു . പിന്നെ ഞങ്ങൾ  അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചു ഇടയ്ക്ക് ലൈബ്രറി പരിസരത്ത് ഒക്കെ പോയി കുറച്ച് സെൽഫികളൊക്കെ എടുത്തിട്ട് വന്നപ്പോഴേക്കും വൈകുന്നേരമായി. 

ബജിക്കടയിൽ  പോയി മുട്ട ബജിയും കഴിച്ചു തിരിച്ചുവന്നു മതിൽ ചാടുമ്പോൾ കാൽ വഴുതി തടുപിടുതോം എന്ന് നിലത്തുവീണു.അപ്പോഴാണ് ബോട്ടണിയിലെ അശ്വതിയുടെ ഫോൺ കോൾ. പരീക്ഷ അടുത്ത മാസത്തേക്ക് മാറ്റി വച്ചിരിയ്ക്കുന്നു എന്ന് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടത്രേ. സൈറ്റിൽ കയറി നോക്കിയപ്പോൾ സംഭവം സത്യം. അറിയാതെ പോലും ഒന്നും കാര്യമായിട്ട് പഠിച്ചില്ലല്ലോ എന്നോർത്ത് അഭിമാനിച്ച് ഞങ്ങളെല്ലാവരും തിരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...