യാത്രകളോട് അടങ്ങാത്ത പ്രണയമൊക്കെയാണെങ്കിലും ചുരുങ്ങിയ ചെലവിൽ ഒതുങ്ങുന്ന യാത്രകളോട് ഞങ്ങൾക്ക് ലേശം ഇഷ്ടക്കൂടുതലുണ്ട്.ഞങ്ങളെന്ന് പറയുമ്പോൾ ഞാനും അലീഷയും. ജീവിതയാത്രയിൽ പതിനഞ്ചാം വയസ് മുതൽ ഒപ്പം കൂടിയ എന്റെ സ്വന്തം ശല്യക്കാരി. ഉപരിപഠനത്തിനായി അവൾ പട്നയിലേക്ക് പറന്നതോടെ എന്റെ യാത്രകളും ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു ദീർഘ യാത്ര ഞങ്ങളിരുവരുടെയും സ്വപ്നമായിരുന്നു. എപ്പോൾ സംസാരിച്ചാലും യാത്രയിൽ തുടങ്ങി യാത്രയിൽ തന്നെ അവസാനിയ്ക്കും. അങ്ങനെയിരിക്കെ ഓർക്കാപ്പുറത്ത് അലീഷയ്ക്ക് പത്ത് ദിവസത്തേക്ക് അവധി ലഭിച്ചു. എനിക്ക് ലീവെടുക്കാൻ വലിയ ബുദ്ധിമുട്ടില്ലതാനും. അപ്പോഴാണ് യാത്രയെ പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചത്. നല്ലൊരവസരമാണ്, എല്ലാ തിരക്കുകളിൽ നിന്നും മാറി നിൽക്കാൻ, ഞങ്ങളുടേതായ ഇടം കണ്ടെത്താൻ.
ചെന്നൈയിലാണ് അലീഷയുടെ സഹോദരി ശിൽപ ജോലി ചെയ്യുന്നത്. അതു കൊണ്ട് തന്നെ, താമസത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. മഹാബലിപുരത്തെ കുറിച്ച് കേട്ട ഒരോർമ്മ മനസിലേക്ക് ഓടിയെത്തി.എന്നാൽ മഹാബലിപുരത്ത് തന്നെ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഉടനെ തന്നെ ചെന്നൈയിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. ദിവസങ്ങളെണ്ണി മുന്നോട്ട് . . പിന്നീടുള്ള ദിനങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ ഒഴുകിപ്പോയി.കാത്തിരിപ്പിനൊടുക്കം ആ ദിവസമെത്തി. രാവിലെ ഒൻപതരയോടെ എറണാകുളം സൗത്തിലെത്തിയ അലീഷ , കെട്ടും ഭാണ്ഡവുമൊക്കെ ക്ലോക്ക് റൂമിൽ വെച്ച് പൂട്ടി തയ്യാറായി നിൽപ്പുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയ ഞാനും സാധന സാമഗ്രികളൊക്കെ സുരക്ഷിത സ്ഥാനത്ത് ഏൽപ്പിച്ച ശേഷം അലീഷയോടൊപ്പം പുറത്തേക്കിറങ്ങി. ട്രെയിൻ വൈകിട്ടാണ് ,ഒരുപാട് സമയമുണ്ട്. ഇടപ്പള്ളി മുതൽ വൈറ്റില വരെ വെറുതെ ചുറ്റിക്കറങ്ങി, കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞപ്പോൾ വൈകുന്നേരമായി .ട്രെയിൻ കൃത്യസമയത്തിനു തന്നെയെത്തി. പഴയകാല വിസ്മൃതികളെല്ലാം അയവിറക്കിക്കൊണ്ട് ജനാലയ്ക്കരികെ ഞങ്ങളിരുന്നു. നേരം ഇരുളുന്തോറും പ്രകാശമേറി വന്ന തെരുവുവിളക്കുകൾ എന്റെ കണ്ണുകളെ മാടി വിളിച്ചുകൊണ്ടിരുന്നു.പകലത്തെ അലച്ചിൽ കാരണം അലീഷ തളർന്നിരുന്നു. വരും ദിവസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളെ തഴുകിയുറക്കിക്കൊണ്ട് ഞങ്ങൾ മയക്കത്തിലേക്കാണ്ടു.
രാവിലെ ഏഴു മണിയോടു കൂടി ഞങ്ങൾ ചെന്നൈ സെൻട്രലിൽ എത്തി. അവിടെ നിന്ന് ഇനി ഷോളിങ്കനല്ലൂർ ബസ് പിടിക്കണം. ഓരോ റൂട്ട് ബസിനും പ്രത്യേകം അക്കമുണ്ട്. അതാണ് പ്രത്യേകത.ബസ്സൊക്കെ കണ്ടു പിടിച്ച് ഷോളിങ്കനല്ലൂരിലെത്തിയപ്പോഴേക്കും സമയം എട്ടര കഴിഞ്ഞു.ശിൽപയെ വിളിച്ച് മേൽവിലാസമൊക്കെ തപ്പിപ്പിടിച്ച് അവൾ താമസിക്കുന്ന ഹോസ്റ്റലിലെത്തി. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞ് ഞങ്ങൾ വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങി. ശരവണ സ്റ്റോറിൽ കയറി അത്യാവശ്യം വേണ്ട ചില സാധനങ്ങളൊക്കെ വാങ്ങുകയും കുൽഫി കടയിൽ കയറി കുൽഫിയും നുണഞ്ഞ് രാത്രി തൊട്ടടുത്ത് തന്നെ ഉള്ള കടൽ തീരത്ത് പോയി വെറുതെ മണലിൽ മലർന്നുകിടന്ന് പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും ആ ദിവസം കടന്നുപോയി.
പിറ്റേന്ന് അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് സാരി ചുറ്റൽ മഹാമഹം ആരംഭിച്ചു. അവിടെ ഒരമ്പലം ഉള്ളത് കൊണ്ടും അവിടെ കയറണമെന്നുള്ളതു കൊണ്ടുമാണ് ഈ പരാക്രമത്തിനു മുതിർന്നത്. ഷോളിങ്കനല്ലൂരിൽ നിന്ന് ഒരു ഷെയർ വാനിലാണ് മഹാബലിപുരത്തേക്ക് പുറപ്പെട്ടത്.വാനിൽ ഞങ്ങളോടൊപ്പം തേനിയിൽ നിന്ന് വന്ന ഒരു കുടുംബവുമുണ്ടായിരുന്നു. അവരിൽ നിന്നാണ് ആണ് മഹാബലിപുരത്തെ പറ്റി ഒരു ഏകദേശധാരണ ഞങ്ങൾക്ക് ലഭിച്ചത്
മഹാബലിയുമായി മഹാബലിപുരത്തിന് ഒരു ബന്ധവുമില്ല. പല്ലവ രാജാവായ മാമല്ലന്റെ പുരമാണ് മാമല്ലപുരം അഥവാ മഹാബലിപുരം .
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശില്‌പങ്ങളാണ് ഇവിടത്തെ പ്രത്യേകത. തമിഴ്നാട്ടിലെ പഴക്കമേറിയ തുറമുഖ നഗരമാണ് കാഞ്ചിപുരം അതായത് പഴയ മഹാബലിപുരം. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് എങ്ങും കാണാനാവുക.ഏഴാം നൂറ്റാണ്ട് മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽക്കാഴ്ചകളും എന്ന് കരുതപ്പെടുന്നു..കഥകൾ പറഞ്ഞും അറിഞ്ഞും ഞങ്ങൾ മഹാബലിപുരത്ത് എത്തിച്ചേർന്നു.
വാനിൽ നിന്നിറങ്ങി അല്പം നടന്നപ്പോഴേക്കും ശില്പനഗരിയ്ക്ക് തുടക്കമായി.ആദ്യത്തെ കാഴ്ച തിരുക്കടൽ മല്ലൈ എന്ന ക്ഷേത്രമാണ്. ശില്പങ്ങൾ നശിയ്ക്കാതിരിയ്ക്കാൻ രാജാക്കന്മാർ നിർമ്മിച്ച ഈ ശിവക്ഷേത്രത്തിനു പുറമേ രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ടിവിടെ.
ഉണ്ണിക്കണ്ണന്റെ കൈയിൽ ഉയർന്നു നിൽക്കുന്നു എന്ന് തോന്നിക്കും വിധം താഴേക്ക് ഉരുണ്ടു നീങ്ങുമോ എന്ന് സന്ദേഹിപ്പിച്ച് നിൽക്കുന്ന കൂറ്റൻ പാറക്കല്ലാണ് ഇവിടെ മറ്റൊരു കാഴ്ച. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കപ്പെട്ട രഥങ്ങളാണ് പഞ്ചരഥങ്ങൾ. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിയായി ഒരു ചെറിയ രഥവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനെയും മൃഗരാജാവിനേയും കൂടി ശില്പം ആക്കിയിട്ടുണ്ട് ഇവിടെ. ഒറ്റക്കല്ലിൽ കൊത്തിയ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും അനവധി ചെറു ശില്പങ്ങളും ഉള്ള ഗണേശ മണ്ഡപം മറ്റൊരു കാഴ്ച. ഒറ്റപ്പാറയിൽ ഒന്നും തുരന്നും ഒന്നും കൊത്തിയും മഹിഷാസുരമർദ്ദിനി ക്ഷേത്രം , അതിന്റെ മുകളിൽ തീർത്ത ചെറിയ ക്ഷേത്രരൂപം എന്നിവ മറ്റു മികച്ച കാഴ്ചകളാണ്.
ക്ഷേത്ര ദർശനം കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു. ഭക്ഷണത്തിനു ശേഷം, പഴയ തുറമുഖത്തിന്റെ ശേഷിപ്പായി സൂക്ഷിക്കുന്ന ലൈറ്റ് ഹൗസിൽ കയറി. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി നിന്നാൽ മഹിഷാസുരമർദ്ദിനി ഗുഹാക്ഷേത്രത്തിന്റെ പൂർണരൂപം കാണാൻ സാധിക്കും.
ലൈറ്റ് ഹൗസ് സന്ദർശനത്തിനു ശേഷം ഞങ്ങൾ മറ്റൊരു ഷെയർ വാനിൽ ഹോസ്റ്റലിലേക്ക് മടങ്ങി.
കാലമേറെ കഴിഞ്ഞിട്ടും ഭംഗിക്ക് ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്ന മഹാ ശില്‌പങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. നാളുകൾ പിന്നിട്ടിട്ടും മറയാത്ത മായ കാഴ്ച!
Comments
Post a Comment