Skip to main content

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം.

ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം.

ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ നമ്മളറിയുന്നത് ഇന്റര്‍നെറ്റിലുടെയാണ് ,നമ്മുടെ വിരല്‍ത്തുമ്പുകളിലേക്ക് ലോകം ചുരുങ്ങിയതുപോലെ.മലയാളി വാര്‍ത്തയറിയാന്‍ പത്രക്കാരനെ നോക്കിയിരുന്നതോ, കഥകളും, ലേഖനങ്ങളും വായിക്കുവാന്‍ വാരാന്ത്യപ്പതിപ്പുകളേയോ, മാസികകളേയോ കാത്തിരുന്നതോ ഒന്നും വളരെ പണ്ടല്ല.  ഇന്റര്‍നെറ്റ് മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ട് ഏതാണ്ട് രണ്ട് ദശകമേ ആവുന്നുള്ളൂ.അച്ചടിയെ തകിടം മറിച്ചിരിക്കുകയാണ് വാര്‍ത്താ മാധ്യമരംഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍. 

കടലാസുകളിൽ  പ്രിന്റ് ചെയ്ത് ബൈന്‍ഡ് ചെയ്ത് അത് ട്രക്കുകളിലും മറ്റും വിതരണ സ്ഥലങ്ങളിലെത്തിച്ച് ഏജന്റുകള്‍ വഴിയോ കടകള്‍ വഴിയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സ്ഥാനത്ത് അപ്പപ്പോള്‍ പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ വിവരങ്ങള്‍ അറിയിയ്ക്കുന്നു.മിക്ക പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ പോർട്ടലുണ്ട്. അതിവേഗം ബഹുദൂരമെന്നായിരിക്കുന്നു ഇന്നത്തെ സൈബര്‍ സ്പേസ്.

മലയാള സാഹിത്യം സൈബര്‍ ഇടങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. മലയാള അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടായിരുന്നു ആദ്യത്തെ വെല്ലുവിളി. പിന്നീട് മലയാളം യൂണികോഡിന്റെ വരവോടു കൂടി മലയാളം ബ്ലോഗിങ്ങില്‍ വലിയ  വളര്‍ച്ച തന്നെയുണ്ടായി. 1996- 2004 കാലഘട്ടത്തിലാണ് ആദ്യമായി മലയാളം ബ്ലോഗുകള്‍ ജന്മമെടുക്കുന്നത്. തങ്ങളുടെ കൃതികള്‍ വളരെ വേഗം  വായനക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുക; ഉടനെതന്നെ അവരുടെ പ്രതികരണങ്ങള്‍ അറിയാന്‍ സാധിക്കുക. ഇതായിരുന്നു ലക്ഷ്യം.ഇതുതന്നെയാണ് വളരെയേറെപ്പേരെ എഴുത്തിലേക്ക് ആകര്‍ഷിച്ചത്.
അതുവരെയുള്ള പ്രസിദ്ധീകരണ രീതിയെ ബ്ലോഗുകള്‍ അട്ടിമറിച്ചു.. 

സ്വന്തം മുറിയിലിരുന്നു നിമിഷം നേരം കൊണ്ട് ടൈപ്പ് ചെയ്ത് വായനക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം ഏറെപ്പേരെ എഴുത്തിലേയ്ക്ക് ആകര്‍ഷിച്ചു. മറ്റു ഭാഷകളിലെന്നപോലെ ഈ തിരമലയാള എഴുത്തിലും ആഞ്ഞടിച്ചു. അത് ബ്ലോഗുകളുടെ കഥ. അങ്ങനെ പല വിഷയങ്ങളില്‍ മലയാളം ബ്ലോഗുകള്‍ കണ്ടു തുടങ്ങി. ആദ്യത്തെ ഒരു അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ മങ്ങലേറ്റെങ്കിലും ഇന്നും വളരെയേറെ ബ്ലോഗുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു.

അധികം വൈകാതെ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയോടൊപ്പം എഴുത്ത് സൈബര്‍ ലോകത്തെ മറ്റിടങ്ങളിലേയ്ക്കും വളര്‍ന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂടൂബ്, വെബ്സൈറ്റുകളൊക്കെ മലയാളി എഴുത്തിന്റെ തട്ടകങ്ങളായി മാറി. ഈ പ്ലാറ്റ്ഫോമുകളിലൊക്കെ പൊതുവായി കാണാന്‍ കഴിയുന്നത് ചെറിയ കൃതികളാണെന്നതായിരുന്നു. സൈബര്‍ സ്പേസിന്റെ പ്രത്യേകതയെന്നോ, പോരായ്മയെന്നോ ചൂണ്ടിക്കാണിക്കാവുന്ന  വസ്തുതയാണിത്. ഒരു പേജിനപ്പുറത്തേക്ക് പോകാവുന്ന കൃതികളില്‍ വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിര്‍ത്തുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. അല്ലെങ്കില്‍ കൃതികളുടെ ഗുണനിലവാരം അത്രയ്ക്കും മികച്ചതായിരിക്കണം. ഇതു മനസ്സിലാക്കിത്തന്നെ കാച്ചിറുക്കിയ രചനകളിലേക്ക് കടന്നു. പുസ്തകമായി മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയതും സൈബര്‍ ലോകവും മുഖ്യധാര സാഹിത്യലോകവും തമ്മിലുള്ള ഒഴിച്ചുകൂടാനാവാത്ത ബന്ധം കാണിക്കുന്നു. കൊടകര പുരാണം, നാലാമിടം തുടങ്ങിയവ മലയാളം ബ്ലോഗ് ബുക്കുകളാണ്. പിന്നീടങ്ങോട്ട് ധാരാളം മലയാള പുസ്തകങ്ങള്‍ കഥകളും കവിതകളുമായി പ്രസിദ്ധീകരിക്കപ്പെട്ടു.മുഖ്യധാരാ സാഹിത്യവും, സൈബര്‍ സാഹിത്യവും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ ശാക്തീകരിക്കുകയാണ് ചെയ്യുന്നത്.  കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ടെക്നോളജിയില്‍ വന്ന മാറ്റങ്ങള്‍ പ്രിന്റിങ് രംഗത്തെ സഹായിച്ചിട്ടുണ്ട്. ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള പല മലയാള ക്ലാസിക്കുകളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. 
സൈബര്‍ സാഹിത്യത്തിന്റെ നേര്‍ക്കുള്ള  ആരോപണം ഗുണനിലവാരത്തെക്കുറിച്ചുള്ളതാണ്. എഴുത്തിനും, പ്രസിദ്ധീകരണത്തിനും ഇടയ്ക്കൊരു എഡിറ്ററില്ലയെന്നതാണ് പ്രശ്നം. അതിനാൽ നിലവാരമില്ലാത്ത കൃതികളും സൈബർ ഇടങ്ങളിൽ കുമിഞ്ഞു കൂടുന്നു എന്നതാണ് യാഥാർത്ഥ്യം.

Comments

Popular posts from this blog

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...