Skip to main content

ഡോൾമ ആൻറി മോമോസ് :ഡൽഹി തെരുവുകൾക്കൊരു ടിബറ്റൻ രുചിഭേദം

അപ്രതീക്ഷിതമായി വീണു കിട്ടിയ സുവർണാവസരമായിരുന്നു ഡൽഹി യാത്ര .അക്ഷർധാം ക്ഷേത്രം, ചാന്ദ്നി ചൗക്ക്, ജൻപഥ് എന്നിവിടങ്ങളെല്ലാം സന്ദർശിച്ച ശേഷം ലജ്പത് നഗർ മാർക്കറ്റിലേക്ക് തിരിച്ചു.കുറഞ്ഞ വിലയിൽ ആവശ്യമുള്ളതെന്തും ലഭിയ്ക്കുന്നത് കൊണ്ട് മാർക്കറ്റിൽ നല്ല തിരക്കാണ്. കാഴ്ചകളൊക്കെ കണ്ട്, കുറച്ച് ഷോപ്പിങ്ങും കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളി വന്നു. സെൻട്രൽ മാർക്കറ്റിനുള്ളിൽ ഉഗ്രൻ മോമോസ് കിട്ടുന്നൊരു കടയുണ്ടെന്ന് കേട്ടിട്ടുണ്ട് .'ഡോൾമ ആൻറി മോമോസ് ' പേരിനൊരു സ്റ്റൈലൊക്കെയുണ്ട്. ഡൽഹിയിൽ വളരെ പ്രശസ്തമായ ഡോൾമ ആൻറി മോമോസിന് ഇരുപത്തിയഞ്ച് വർഷത്തെ സേവന പാരമ്പര്യവും! എന്നാൽ പിന്നെ മോമോസ് അകത്തായിട്ടു തന്നെ കാര്യം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ഉണർന്നാൽ രാത്രി ഒൻപത് മണി വരെ നല്ല തിരക്കാണ്. വൈകിട്ട് മൂന്ന് മണിയാകുന്നതേയുള്ളു. കടയുടെ മുൻപിൽ ജനസാഗരം. കോളേജ് വിദ്യാർത്ഥികളാണ് അധികവും. ഒരു സംഘം സ്ഥലം വിടുമ്പോൾ മൂന്ന് സംഘങ്ങൾ വീണ്ടും വരുന്നു.നോക്കുമ്പോൾ, മോമോസ് മാത്രമല്ല മറ്റു പലതുമുണ്ടിവിടെ.. മെനു എന്താണെന്ന് വിശദമായിട്ടറിയാൻ കടയുടെ മുന്നിൽ ചെന്നു നിന്ന് ആകെ വീക്ഷിയ്ക്കാൻ തുടങ്ങി.
ചൈനീസ് പ്ലാറ്ററാണ് ഇവിടത്തെ മറ്റൊരാകർഷണം. സത്യം പറയാമല്ലോ, ആകെ ചുവന്നു തുടുത്തൊരു അന്തരീക്ഷം. ചില്ലി പനീർ, സ്പ്രിങ്ങ് റോൾ മഞ്ചൂരിയൻ, ചില്ലി പൊട്ടറ്റോ, ചൗമിൻ, ചില്ലി ചിക്കൻ എന്നു തുടങ്ങി  രസമുകുളങ്ങളെ ഉണർത്തുന്ന നിരവധി വിഭവങ്ങൾ.

തിരക്കിനിടയിൽ എങ്ങനെയൊക്കെയോ കയറി പറ്റി മോമോസ് ഓഡർ ചെയ്തു. അര പ്ലേറ്റ് ചിക്കൻ മോമോസ് , അര പ്ലേറ്റ് വെജ് മോമോസ്. ചിക്കൻ മോമോസിന് അറുപത് രൂപയാണ് വില,വെജ് മോമോസിന് നാല്പത് രൂപയും.മോമോസിനൊപ്പം കൂട്ടുകാരായി ചട്ണിയും മയോണൈസും പ്ലേറ്റിലിരുന്ന് ചിരിച്ചു. രണ്ട് തരം ചട്ണിയുണ്ട്. എരിവ് ഇഷ്ടമുള്ളവർക്കും ഇല്ലാത്തവർക്കുമായി പ്രത്യേകം ചട്നികൾ. എരിവും ഞാനും തമ്മിൽ ചതുർത്ഥിയായതിനാൽ എരിവ് കുറഞ്ഞ ചട്നി തിരഞ്ഞെടുത്തു.
പ്ലേറ്റുമെടുത്ത് കൊണ്ട് ഇരിയ്ക്കാൻ സ്ഥലം തേടുമ്പോൾ അതാ ഒരു ഒഴിഞ്ഞ കസേര . തൊട്ടടുത്ത് ഒരു മധ്യവയസ്കനിരുന്നു കഴിയ്ക്കുന്നുമുണ്ട്. സമാധാനം! അദ്ദേഹമാണ് ഡോൾമ ആന്റിയുടെ കഥ പറഞ്ഞു തന്നത്.ലജ്പത് നഗറിൽ ആദ്യമായി ഒരു മോമോ സ്റ്റാൾ സ്ഥാപിച്ചത് ഡോൾമ സെറിങ് എന്ന ഡോൾമ ആൻറിയാണ്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിൽ അവർ ടിബറ്റിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോൾ  എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു.. വിചിത്രമായ പല ജോലികളിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല. അങ്ങനെ ബിസിനസ്സ് ആരംഭിയ്ക്കാം എന്ന തീരുമാനത്തിലെത്തി,മോമോസിന്റെ ആദ്യത്തെ സ്റ്റാൾ സ്ഥാപിക്കാം. ഇതിന് മുമ്പ് ഡൽഹിയിൽ മോമോകളുടെ സംസ്കാരം ഇല്ലായിരുന്നു, അവ വിളമ്പിയിരുന്നത് റെസ്റ്റോറന്റുകളിൽ മാത്രമാണ് ഇതുപോലുള്ള സ്റ്റാളുകളിലല്ല.

കഥകൾ കേട്ട് കൊണ്ട് ചിക്കൻ മോമോസ് നുള്ളി കീറി ചട്നിയിൽ മുക്കി നാവിൽ വെച്ചു. മെല്ലെ നുണഞ്ഞു, നല്ല മൃദുവായ കഷ്ണം, ചിക്കൻ കഷണമോ ! ഒരു രക്ഷയുമില്ലാത്ത രുചി.വെളുത്തുള്ളിയും ചുവന്നുള്ളിയും മല്ലിയിലയുമൊക്കെ ചേർത്ത് തയ്യാറാക്കിയിട്ടുള്ള ചിക്കൻ ഫില്ലിങ്ങ് രസതന്ത്രികളെ മീട്ടി. ആവിയിൽ വേവിച്ചെടുത്തതിന്റെ സ്വാദ് വേറെ തന്നെ !
ശേഷം , വെജ് മൊമോസിന്റെ ഊഴമായിരുന്നു. അല്പം മയൊണൈസിൽ മുക്കി വായിലേക്കിട്ടു.കോളിഫ്ളവർ, കാരറ്റ് , കാബേജ്, എന്നിവ ചേർത്തുണ്ടാക്കിയതാണ് വെജ് മോമോസ്. പച്ചക്കറികളുടെ വേവിന്റെ പാകമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എല്ലാം കിറുകൃത്യം! ഒരു ചൈനീസ് പ്ലാറ്റർ കൂടി അകത്താക്കണമെന്നൊരു മോഹം. നോൺ-വെജ് ചൈനീസ് പ്ലാറ്ററിൽ ചൗമിൻ , ചില്ലി ചിക്കൻ, സീഖ് കബാബ് എന്നിവയാണ് ലഭിയ്ക്കുന്നത്. പ്ലാറ്ററുമായുള്ള മല്ലയുദ്ധത്തോട് കൂടി എന്റെ മനസും ആമാശയവും ഒരുപോലെ നിറഞ്ഞു. നല്ല ഭക്ഷണം നൽകുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ് എന്നതിൽ തർക്കമില്ല! 

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...