എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു.പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !
മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മിൽ കൈമാറുന്ന നോട്ടം ഇവയെല്ലാം അവരുടെ ബന്ധത്തിന്റെ ആഴത്തെ ചൂണ്ടിക്കാട്ടുന്നു.അവർ തേടുന്നത് പറക്കാനുള്ള ആകാശമാണ്. തങ്ങൾക്ക് മാത്രം സ്വൈരവിഹാരം ചെയ്യാനുള്ള അനന്തമായ ആകാശം.ആ ആകാശം തേടാനുള്ള അവസരത്തിനായിട്ടാണ് അവർ കാത്തിരുന്നത്. വേഷപ്രച്ഛന്നരായി അവർ എത്തിപ്പെടുന്നത് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലാണ് . അവിടെ അവർ സ്വതന്ത്രരാകുന്നു, ചിറകടിച്ചുയരുന്നു. പിടിയ്ക്കപ്പെടുമോ എന്ന ഭയം അവരിൽ നിന്ന് വിട്ടുമാറുന്നു. അവരുടെ സ്വൈരജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ടാണ് മൂന്നാമനായ ഹരിശങ്കർ രംഗ പ്രവേശനം ചെയ്യുന്നത്. നിർമ്മലയും ഹരിയും തമ്മിലടുക്കുന്നതോടു കൂടി സാലിയിൽ ഭയമുണർന്നു, ഒപ്പം ദു:ഖവും. ഇണയെ നഷ്ടപ്പെടുന്നത് അവൾ കൺമുന്നിൽ കാണുകയാണ്. തന്റെ ചിറകുകൾക്കിടയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പ്രിയപ്പെട്ടവൾ, സാലിയ്ക്ക് ജീവിതത്തിൽ മറ്റാരോടും തന്നെ സ്നേഹമില്ല, വാത്സല്യമില്ല. അവൾ സ്നേഹിയ്ക്കപ്പെട്ടത് നിർമ്മലയിലൂടെയാണ്.എല്ലാ തീരുമാനങ്ങളും സാലി എടുക്കുന്നു ,നിർമ്മല അനുസരിക്കുന്നു. സാലി എടുക്കുന്ന അധികാരം ,"മോളെ " എന്ന വിളി ..ഇവയെല്ലാം സാലിയ്ക്ക് നിർമ്മല ആരായിരുന്നു എന്ന വെളിച്ചം വിതറുന്നു.നിർമ്മലയും ഹരിശങ്കറും ഹൃദയം തുറന്ന് സംസാരിച്ച്, സന്തോഷത്തോടെ തിരിച്ചു വന്ന നിർമ്മലയോട് സാലി ചോദിക്കുന്ന രംഗമുണ്ട്.
സാലി: നിങ്ങൾ എന്തെല്ലാം സംസാരിച്ചു?
നിർമ്മല: എല്ലാം
സാലി :നിനക്ക് എല്ലതും അങ്ങനെ തുറന്ന് പറയാൻ പറ്റില്ലല്ലോ മോളെ.
ഈ ഒരൊറ്റ സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
എന്നാൽ ഹരിശങ്കർ തങ്ങൾ വെറുക്കുന്ന ദേവിക ടീച്ചറുടെ കാമുകനാണെന്ന് അറിയുന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. വലിയ വിഷമത്തോടെ നെഞ്ച് തകർന്ന് വരുന്ന നിർമ്മലയെ സാലി ആശ്വസിപ്പിക്കുമ്പോൾ ,സൂക്ഷിച്ചു നോക്കിയാൽ ഇണയെ തിരിച്ചു കിട്ടിയ സന്തോഷം കാണാം .സാലി അപ്പോൾ പറയുന്ന ഡയലോഗും ശ്രദ്ധേയമാണ്"നമ്മൾക്ക് ആരും വേണ്ട മോളെ നമ്മൾക്ക് നമ്മൾ തന്നെ മതി".പ്രതീക്ഷകളറ്റ് സാലിയും നിർമ്മലയും ആത്മഹത്യ ചെയ്യുന്നു.
അവർ പ്രതിഷേധിച്ചത് സമൂഹത്തോടാണ്, തങ്ങൾക്ക് നിഷേധിയ്ക്കപ്പെട്ട നിഷ്കളങ്കത്വത്തോടാണ്. കെട്ടിപ്പുണർന്ന് മരിച്ച് കിടക്കുമ്പോഴും അവർ പരസ്പരമേകിയ സാന്ത്വനത്തിന്റെ അലകൾ മുറിവേൽപ്പിയ്ക്കുകയാണ്, ഇപ്പോഴും.
Comments
Post a Comment