Skip to main content

യവനികയ്ക്ക് പിന്നിലെ സ്വപ്നാടനങ്ങൾ

സ്വപ്നങ്ങൾ! സ്വപ്നം കാണാനാർക്കാണിഷ്ടമല്ലാത്തത്? കണ്ണ് തുറന്നും അടച്ചും സ്വപ്നങ്ങൾ കാണാൻ നാമേ വരും വിദഗ്ദ്ധരാണ്. എന്നാലും, എന്നോടാരെങ്കിലും എന്റെ സ്വപ്നമെന്താണ്? ലക്ഷ്യമെന്താണ്? ആഗ്രഹമെന്താണ് ? എന്നൊക്കെ ചോദിച്ചാൽ ഞാൻ തീർച്ചയായും കുഴങ്ങിപ്പോകും. കാലത്തിനനുസരിച്ച് എന്റെ ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ ചില സ്വപ്നങ്ങൾ, അതായത് ദീർഘമായ ഉറക്കത്തിനിടയിൽ ഒളിഞ്ഞു നോക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ എന്നെ അലോസരപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. ഈ സ്വപ്നങ്ങളിൽ നിന്നുള്ള പൂർണ്ണമായ മുക്തിയാണ് എന്റെ ആഗ്രഹം.
കേൾക്കുന്നവർക്ക് വളരെ നിസാരമായി തോന്നുമെങ്കിലും ചില പ്രത്യേക ദൃശ്യങ്ങൾ ഉൾക്കിടിലം കൊള്ളിയ്ക്കുന്നു. അത്തരത്തിലുള്ള ചില സ്വപ്നാനുഭവങ്ങളെപ്പറ്റി ഞാനിവിടെ കുറിയ്ക്കട്ടെ.
നാലാം തരത്തിൽ പഠിയ്ക്കുമ്പോഴാണ് സൈക്കിൾ വേണമെന്നൊരു മോഹം മനസ്സിൽ പൊട്ടി മുളച്ചത്.സൈക്കിളിനെ പറ്റിയുള്ള ദിവാസ്വപ്നങ്ങൾ കണ്ടു തുടങ്ങിയ അന്നു മുതൽ ഉറക്കത്തിൽ അതൊരു വില്ലനായി അവതരിച്ചു. കണ്ണും മൂക്കും വായുമൊക്കെയുള്ള ഭീമാകാരമായ സൈക്കിൾ ! അതെന്നെ ഏതോ കാട്ടിലൂടെ കൊണ്ടുപോവുകയാണ്. കാട്ടിൽ പലതരം അലർച്ചകൾ പ്രകമ്പനം കൊള്ളുന്നു . ഞാൻ നിലവിളിക്കുകയാണ്, എന്റെ നിലവിളിയ്ക്കനുസരിച്ച് സൈക്കിളിന്റെ വേഗവും കൂടുന്നു. ഈ വിചിത്രമായ സ്വപ്നം എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. റോഡിലേത് സൈക്കിൾ കണ്ടാലും അത് ആ രാക്ഷസ സൈക്കിളാണെന്ന് തോന്നും. വാൽക്കഷ്ണമെന്തെന്നാൽ സൈക്കിളോടിയ്ക്കാൻ എനിയ്ക്കിപ്പോഴും ഭയമാണ്. രാക്ഷസ സൈക്കിളിന്റെ കനലാട്ടം കഴിഞ്ഞതോടെ കുറച്ച് ദിവസത്തേക്ക് സമാധാനമുണ്ടായിരുന്നു.എന്നാൽ അടുത്ത സ്വപ്നം തിരശീലയ്ക്ക് പിന്നിലിരുന്ന് അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു. പാമ്പുകൾ!
അനിമൽ പ്ലാനറ്റിൽ കണ്ട ഏതോ ഒരു പാമ്പാണ് താരം. എന്തായാലും രണ്ട് ആഴ്ച്ചത്തേക്ക് പല നിറത്തിൽ , രൂപത്തിൽ, ഭാവത്തിൽ എണ്ണിയാലൊടുങ്ങാത്ത അത്രയും പാമ്പുകൾ എന്റെ സ്വപ്നങ്ങളിൽ വന്ന് മോഹിനിയാട്ടമാടി. പാമ്പുകളെ കണ്ട് പേടിച്ച് പാവം അമ്മയെ ചവിട്ടി തള്ളിയിട്ടു എന്നത് ദുരവസ്ഥ. അമ്പലവാസിയായ അമ്മയുടെ കണ്ടുപിടുത്തം ,അത് സർപ്പദോഷമാണെന്നായിരുന്നു.കാവായ കാവുകളിലെല്ലാം നേർച്ചയൊക്കെ കൊടുത്തെങ്കിലും സർപ്പങ്ങൾ അവരുടെ 'ചീപ്പ് ത്രിൽസ്' തുടർന്നു. എന്റെ അലർച്ചയ്ക്കും വലിയ മാറ്റമൊന്നുമുണ്ടായില്ല. കുറച്ച് കൂടി മുതിർന്നപ്പോൾ എന്നെ അലട്ടിയ സ്വപ്നങ്ങൾ അംബരചുംബികളായ കെട്ടിടങ്ങളാണ്. അതെ, ഞാനൊരു വെർട്ടിഗോയാണ്. ഉയരത്തിൽ നിന്ന് വീഴുന്ന സ്വപ്‌നങ്ങൾ എന്നെ തളർത്തുകയായിരുന്നു. അതിനാൽ ഒരു കാലയളവ് വരെ പടികൾ കയറാൻ പോലും എനിക്ക് ഭയമായിരുന്നു. കാൽ തെറ്റി ഉരുണ്ടു വീഴുന്ന രംഗങ്ങൾ എന്നെ പിൻതുടർന്നു കൊണ്ടിരുന്നു.എന്റെ ലക്ഷ്യങ്ങൾക്ക് പോലും ഇത്തരം പേടികൾ ഇടംകോലിട്ടിരുന്നു. പാരാഗ്ലൈഡിങ്, ബഞ്ചി ജമ്പിംഗ് എന്നിങ്ങനെയുള്ള വിവിധ സാഹസിക കായിക വിനോദങ്ങളിൽ നിന്ന് ഞാൻ ഇന്നും മാറി നിൽക്കുന്നു. ഉയരങ്ങളോടുള്ള പേടി നിലനിൽക്കുമ്പോൾ തന്നെയാണ് ചതുപ്പുകൾ രംഗ പ്രവേശനം ചെയ്യുന്നത്. ഏതൊക്കെയോ ചതുപ്പുകളിൽ വീണു താഴുകയും അപ്രത്യക്ഷയാവുകയും ചെയ്യുന്ന അതിദാരുണമായ രംഗങ്ങൾ. രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പ് പോലും ലഭിയ്ക്കാതെ ഉഴറുന്ന ഞാൻ . കണ്ണീരോടെ ഉറക്കമെഴുന്നേൽക്കുന്ന പ്രഭാതങ്ങൾ. എന്റെ മുന്നോടുള്ള യാത്രയെ പോലും പ്രതികൂലമായി ബാധിയ്ക്കാൻ തുടങ്ങി. ചതുപ്പുകളിൽ വീണ് മുറിവേറ്റ മനസിനെ വീണ്ടും കുത്തി നോവിയ്ക്കാൻ മുഖം മൂടി ധരിച്ച കൊള്ളക്കാർ.

ദിവാസ്വപ്നം കാണാൻ പോലും അനുവദിയ്ക്കാത്ത നിദ്രാടനങ്ങൾ. പ്രത്യാശകളെ കത്തിച്ചു കളയുന്ന വിചിത്ര സ്വപ്നങ്ങൾ. നല്ല കാര്യങ്ങൾ എന്ത് ചിന്തിച്ചാലും അതിനെയൊക്കെ നിഗ്രഹിയ്ക്കാനെത്തുന്ന ദുസ്വപ്നങ്ങളേ, ഇനിയെങ്കിലും എന്നെയൊന്നനുവദിയ്ക്കൂ, സന്ദേഹമില്ലാതെ ഉറങ്ങാൻ, സുഭഗമായ ഭാവി സ്വപ്നം കാണാൻ !

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...