Skip to main content

കാവടിയാടി കൊടകര ഷഷ്ഠി

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായത് എന്റെ നാട്ടിലെ ഉത്സവങ്ങളായിരുന്നു. അക്കാര്യത്തിൽ നേരിയ ദു:ഖവുമുണ്ടായിരുന്നു. എന്നാൽ തൃശൂർ എനിക്ക് മുന്നിൽ തുറന്നിട്ടത്, നിറപ്പകിട്ടാർന്ന നിരവധി ഉത്സവങ്ങളുടെ വർണ്ണലോകമായിരുന്നു."വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം..” ഈ പാട്ടിലൂടെയാണ് കൊടകര ഷഷ്ഠിയിലേക്ക് എത്തിപ്പെടുന്നത്. സുഹൃത്തുക്കളെല്ലാവരും പറഞ്ഞ് കൊതിപ്പിച്ച ഉത്സവമായിരുന്നു കൊടകര ഷഷ്ഠി.  വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസമാണ് ആഘോഷിയ്ക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഷഷ്ഠിയാഘോഷം ഇതാണെന്ന് കരുതപ്പെടുന്നു. ഉറ്റ സൃഹൃത്തായ അമൃത കൊടകരക്കാരിയാണ്. അവളുടെ വീട്ടിൽ പോയാൽ ഷഷ്ഠി മഹോത്സവവും കാണാം കപ്പയും ബീഫും തിന്നാം. അങ്ങനെ ഞങ്ങൾ പതിനാലു പേരടങ്ങുന്ന വാനര സംഘം ഷഷ്ഠിയ്ക്ക് തലേന്ന് തന്നെ അമൃതയുടെ വീട്ടിൽ തമ്പടിച്ചു. ഇനി കുറച്ച് ഉത്സവവിശേഷമാവാം.

കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ഷഷ്ഠി മഹോത്സവം കൊടിയേറുന്നത്.പത്തൊൻപതോളം ദേശക്കാവടികൾ ആഘോഷത്തിൽ പങ്കെടുക്കാറുണ്ട് .ഈ ദേശകാവടികൾ തന്നെയാണ് മഹോത്സവത്തിന്റെ മുഖ്യ ആകർഷണം. വിശ്വബ്രാഹ്മണ സമാജം,മനക്കുളങ്ങര യുവജനസംഘം,മറ്റത്തൂര്‍കുന്ന്, കൊടകര കാവില്‍,എന്‍.എസ്.എസ്.കരയോഗം,മനക്കുളങ്ങര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍, കുംഭാരസമുദായം, ഗാന്ധിനഗര്‍,   കൊടകരടൗണ്‍, ഉളുമ്പത്തുംകുന്ന്, തെക്കുംമുറി യുവജനസംഘം, വഴിയമ്പലം യുവസംഗമം, അഴകം യുവജനസംഘം ,ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, പുലിപ്പാറക്കുന്ന് യുവജനസംഘം, കാരൂര്‍ അരുണോദയം ,ഏകലവ്യ തുടങ്ങിയ കാവടിസംഘങ്ങളാണ് കാവടിയാട്ടത്തിൽ പങ്കെടുക്കാറുള്ളത് .

ഷഷ്ഠിക്ക് ഏഴ് ദിവസം മുൻപ് ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ചാർത്തി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു.
ഷഷ്ഠിദിവസം പുലർച്ചെ നാല് മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരത്തിന്റെ  അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു.പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.കുന്നതൃക്കോവിൽ ക്ഷേത്രത്തിലെ പ്രധാന വഴിപാട് പാൽ, ഇളനീർ, പനിനീർ, കളഭം എന്നിവകൊണ്ടുള്ള അഭിഷേകമാണ്. കർപ്പൂരം, ഭസ്മം ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്.ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാലന്തരേ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.
വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്. 
പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയും സുബ്രഹ്മണ്യസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാമെന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ് വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്.
നിലക്കാവടികളും നിശ്ചലദൃശ്യങ്ങളും പൂക്കാവടികളും കൊട്ടക്കാവടികളും വര്‍ണവസന്തം തീർക്കുമ്പോൾ  ദേവാസുരവാദ്യങ്ങളുടെ നാദപ്പെരുക്കത്തില്‍ സഹൃദയസഹസ്രങ്ങള്‍ ആനന്ദത്തേരിലേറുന്ന കാഴ്ച കണ്ണിന് കൗതുകമുണർത്തുന്ന ഒന്നാണ്.
കല്പടവുകൾ കയറി കുന്നിൻ മുകളിൽ തൃക്കോവിലിൽ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർക്ക് പഴനിമലയുടെ ഒരു ചെറു പതിപ്പായി ഈ ക്ഷേത്ര ദർശനം അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഷഷ്ഠി എന്നാൽ കൊടകരക്കാരുടെ ജീവശ്വാസമാണ്. അക്ഷരാർത്ഥത്തിൽ, കൊടകരയുടെ ദേശീയോത്സവം ! പക്ഷേ, എന്നെ ആകർഷിച്ചത് മറ്റ് ചില കാര്യങ്ങളാണ്.
പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഷഷ്ഠി വിഭവസമൃദ്ധമാക്കാൻ അനേകം കച്ചവടക്കാർ . താല്ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്ത് , കണ്മഷി സ്റ്റാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ  റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയുന്നത് കാണാനൊരഴകാണ്. നേരം വെളുക്കുന്നത് വരെയും ഈ സ്റ്റാളുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തീരില്ല എന്നത് മറ്റൊരു സത്യം. ഞാനും അമൃതയും വാനര സംഘവും പുലർച്ചെ രണ്ടര മണി വരെ  അമ്പലപ്പറമ്പിൽ അലഞ്ഞു തിരിഞ്ഞു നടന്നു. ഇടയ്ക്ക് നിദ്രാദേവി കടാക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുത്തില്ല. ഉത്സവകാഴ്ചകൾ കണ്ട്  തളർന്ന് കണ്ണൊന്നടഞ്ഞപ്പോൾ സ്വപ്നത്തിലും ഉത്സവപ്പറമ്പും മേളവും.. ആനന്ദലബ്ധിക്കിനിയെന്തു വേണം!



Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...