നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.
മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ കൈയിലുള്ള ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു.
ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു . ചെമ്മരിയാടുകളെ വളര്‍ത്തിയാണ് കുടുംബം ജീവിക്കുന്നത്. കഴിയുന്നത്ര ചെമ്മരിയാടുകളെ ബീജസങ്കലനം നടത്തുന്നതിനായി ഒരു സുഹൃത്തില്‍ നിന്ന് ഒരു മുട്ടനാടിനെ കടം വാങ്ങുന്നു. മുട്ടനാടിനെയും ഡാര്‍ഗ്യേയും തമ്മില്‍ തുലനം ചെയ്യുന്നതിലൂടെ സിനിമ അവരുടെ ലൈംഗിക തൃഷ്ണയും വെളിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
ലൈംഗിക വിഷയങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കാത്ത, പുറത്തറിഞ്ഞാല്‍ മോശമായി കാണുന്ന ഒരു സമൂഹത്തിന്‍റെ സംഘര്‍ഷങ്ങളും വ്യാകുലതകളും ആശങ്കകളും 'ബലൂണ്‍' മനോഹരമായി രേഖപ്പെടുത്തുന്നു.
മൂന്ന് പ്രാവശ്യം അമ്മയായി കഴിഞ്ഞ ഡ്രോല്‍ക്കര്‍ വീണ്ടും ഗര്‍ഭിണിയാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നാലാമതു കുട്ടിയുണ്ടായാല്‍ പിഴ ഈടാക്കുന്നത് കുടുംബത്തിനെ ആകമാനം തകര്‍ക്കും. ഇതിനിടയിലാണ് മുത്തച്ഛന്റെ പെട്ടന്നുള്ള മരണം. അതിനു പുറമേ ഡ്രോള്‍ക്കര്‍ ഗര്‍ഭിണിയാകുകയും ചെയ്യുന്നു. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഡാര്‍ഗ്യേയുടെ കുടുംബം തന്റെ പിതാവ് കുടുംബത്തില്‍ തന്നെ ജനിക്കാന്‍ പോകുന്നു എന്ന് വിശ്വസിക്കുന്നു. പക്ഷേ ഡ്രോള്‍ക്കര്‍ ഈ കുട്ടി ജനിക്കാന്‍ പാടില്ല എന്ന് ഉറച്ച നിലപാടെടുക്കുന്നു. അന്ധവിശ്വാസവും നിയമവും നേർക്കുനേർ നിന്ന് യുദ്ധം ചെയ്യുന്നു.
ഡാര്‍ഗ്യേ തന്റെ ആണ്‍മക്കള്‍ക്ക് രണ്ടു വലിയ ചുവന്ന ബലൂണുകള്‍ സമ്മാനിക്കുന്നു. ഒരു ബലൂണ്‍ പൊട്ടിപോകുകയും മറ്റേത് കാറ്റിലൂടെ പറന്നു ആകാശത്തിന്റെ ഉയരങ്ങളിലേക്കു പോകുന്നതുമായി കാണുന്നു. ബലൂണുകളാകുന്ന കോണ്ടത്തിനും ദുര്‍ബലതകളുണ്ട്. സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ സ്വയം തീരുമാനം എടുക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശമുണ്ട് എന്ന വസ്തുതയും ചിത്രം ചൂണ്ടിക്കാട്ടുന്നു.
1980- കളിലെ ചൈനയുടെ കുടുംബാസൂത്രണത്തിന്റെ ആധിപത്യം ഡോക്ടര്‍മാര്‍ പോലും അതിക്രൂരമായി നടപ്പാക്കിയിരുന്നു. മരണപ്പെട്ട ബന്ധുക്കളുടെ പുനര്‍ജന്മത്തിലുള്ള വിശ്വാസം നിലനിര്‍ത്തുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ടിബറ്റിലുണ്ടായിരുന്നത് എന്ന് കൂടി വ്യക്തമാകുന്നു.മനുഷ്യനിര്‍മിത നയങ്ങള്‍ക്ക് വിപരീതമായി വളരെ സ്വാഭാവികമായി കാര്യങ്ങള്‍ സംഭവിക്കാമെന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു.
വിശാലമായ തുറസ്സായ ഇടങ്ങൾ, മേടുകൾ, പര്‍വ്വതങ്ങള്‍ നിറഞ്ഞ ലാന്‍ഡ്‌സ്കേപ്പുകള്‍ എന്നിവയുടെ ദൃശ്യമികവ് എടുത്തു പറയേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ ക്യാമറയുടെ അനാവശ്യ ജെർക്കുകളും അനുഭവപ്പെടുന്നു. അയല്‍ക്കാര്‍ തമ്മില്‍ അരങ്ങേറിയ യുദ്ധം, കാറ്റില്‍ പറക്കുന്ന ബലൂണുകള്‍, ടിബറ്റന്‍ ആത്മീയ ആചാരങ്ങള്‍, അവരുടെ ഭക്ഷണരീതി, വസ്ത്രധാരണം എന്നിവ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
പരമ്പരാഗത ജീവിത പരിസരത്തിന്റെ ചിന്തകളുടെയും വിശ്വാസങ്ങളുടെയും അവിടെ പരിഷ്കൃത ലോകത്തിന്റെ നിയമങ്ങൾ വന്നു ചേരുന്നതിന്റെയും നേര്‍കാഴ്ചയാണ് 'ബലൂണ്‍'. ഗ്രാമീണ ടിബറ്റുകാരുടെ ലൈംഗിക ജീവിതത്തിലെ ആധുനികവും പ്രാചീനവുമായ മൂല്യങ്ങളുടെ ഏറ്റുമുട്ടലിനെ സെഡെന്‍ മനോഹരമായി വിവരിക്കുന്ന ചിത്രമാണ് ബലൂൺ.
Comments
Post a Comment