Skip to main content

ഒരു സിനിമാക്കാലത്തിന്റെ ഓർമ്മയ്ക്ക് - IFFK അനുഭവം

ഡിസംബർ  മാസത്തിൽ തിരുവനന്തപുരത്ത് മാത്രം പിടിപ്പെടുന്ന ' സിനിമാപ്പനി'. കേരള രാജ്യാന്തര ചലച്ചിത്രമേളയെ പറ്റിയുള്ള എന്റെ ധാരണ ഇതായിരുന്നു. നഗരം മുഴുവൻ ടാഗ് ഒക്കെ ഇട്ട് സ്റ്റൈലായി റോന്തു ചുറ്റുന്നവർ. എനിക്കതൊരു മായക്കാഴ്ച്ച തന്നെയായിരുന്നു.എന്നാലും എന്താണ് സംഭവം എന്ന് വലിയ പിടിയൊന്നുമില്ല. എന്നെങ്കിലും ഞാനും ടാഗൊക്കെ ഇട്ട് നടക്കും എന്നൊരു തോന്നൽ ഞാൻ പോലുമറിയാതെ മനസ്സിൽ കയറിക്കൂടി. കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം നടക്കാതെ പോയി. അങ്ങനെ കാത്തിരുന്ന് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് ഞാനും സ്വന്തമാക്കി.
ഒന്നാം ദിവസം അണിഞ്ഞൊരുങ്ങി തിയറ്ററിലെത്തിപ്പോൾ നേരം വൈകി. ചുമ്മാ വായ്നോക്കി നിൽക്കുമ്പോൾ അതാ അജോയ് യും വിഷ്ണുവും വരുന്നു. ഒരു സിനിമ കണ്ട് കഴിഞ്ഞിട്ടുള്ള വരവാണ്. തൊട്ട് പിന്നാലെ ആതിര മോളും സംഘവുമെത്തി. പക്ഷേ, ക്യൂ നിന്നതൊക്കെ വെറുതെയായി. സീറ്റില്ലാത്തതിനാൽ ഞാനും മാളവികയും ഗംഗയും ഔട്ട്‌ ! എന്തായാലും രണ്ട് സിനിമകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടാം ദിവസം അവസാന നിമിഷത്തിലാണ് ഞാൻ തിയറ്ററിൽ എത്തിച്ചേർന്നത്. എങ്ങനെയൊക്കെയോ കയറി പറ്റി. നിലത്തിരുന്നു സിനിമ കാണുന്ന സുഖം !അതൊന്നു വേറെ തന്നെയാണ്.അനന്തുവും ആനിയുമൊക്കെ ഉറക്കെ വിളിച്ചെങ്കിൽ ഏതു ദിക്കിൽ നിന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കാഞ്ഞത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചില്ല
പിന്നീടുള്ള സിനിമാ യാത്രകൾ മിക്കതും ഒറ്റയ്ക്കായിരുന്നു. അപരിചിതർക്കൊപ്പം സിനിമ കാണുന്നതും ഒരു രസമാണ്. ഒരു കാര്യം പറയാതെ വയ്യ. 'ബുദ്ധിജീവി 'കളുടെ അടുത്തെങ്ങാനും പെട്ടു പോവുകയാണെങ്കിൽ തീർന്നു. കലയെ കൊലപാതകം ചെയ്ത് കൈയ്യിൽ തന്നു കളയും. സിനിമ കാണാനൊന്നും നേരമില്ല.. വിമർശനത്തോടു വിമർശനം. ക്യാമറ ആങ്കിൾ ശരിയായില്ല,നായകന്റെ ചിരി പോര, ആഖ്യാനം മെച്ചമില്ല എന്നിങ്ങനെ ഒരു ബന്ധവുമില്ലാത്ത പരാതികൾ പുലമ്പിക്കൊണ്ടിരിയ്ക്കും . ഇങ്ങനെയുള്ളവരെ തരം തിരിച്ച് മാറ്റിയിരുത്തണം എന്നൊരു എളിയ ആഗ്രഹമുണ്ട്.

സിനിമ കാണാനുള്ള നെട്ടോട്ടത്തിനിടയിൽ ഭക്ഷണത്തിന്റെ കാര്യം പോലും ഞാൻ മറന്നിരുന്നു. ഒരു സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അടുത്തതിന്റെ ക്യൂ ആരംഭിച്ചിട്ടുണ്ടാകും.പിന്നെ ആ വഴി പോകും. ഇതിനൊക്കെയിടയിൽ നിരവധി പേരെ പരിചയപ്പെടാൻ സാധിച്ചു എന്നതാണ് മറ്റൊരു സന്തോഷം. പല മേഖലകളിൽ നിന്നുള്ളവർ, പല ഭാഷകൾ സംസാരിക്കുന്നവർ ..അവരുടെ കഥകൾ.. മേളാനുഭവങ്ങൾ.. എനിക്കിതെല്ലാം പുതിയതായിരുന്നു.കൂട്ടുകാരില്ലാതെ എനിക്കൊട്ടും പരിചയമില്ലാത്ത മനുഷ്യർക്കൊപ്പം, അവരോട് കഥകൾ പറഞ്ഞ് നടക്കുന്ന എന്നെ എനിക്ക് സങ്കൽപ്പിയ്ക്കാൻ പോലും കഴിയുന്ന ഒന്നല്ല. കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് കമന്റൊക്കെ പാസാക്കി സിനിമ കാണാറുള്ള അതേ ഞാൻ ഗൗരവത്തോടെ, അച്ചടക്കത്തോടെ സിനിമകൾ കണ്ടു. 

നിശാഗന്ധിയിൽ പാരസൈറ്റ് കാണാൻ പോയ ദിവസം രസകരമായിരുന്നു. പാവം സരസുവിന്റെ വക ചായയും വടയും ബജിയുമായിരുന്നു 'ഹൈലൈറ്റ്'. വൈകിയാണ് സിനിമയ്ക്ക് കേറിയതെങ്കിലും ഞങ്ങൾ ശരിയ്ക്കും ആസ്വദിച്ചു.അടുത്ത ദിവസം ശ്രീ പദ്മനാഭ തിയറ്ററിൽ ബലൂൺ കാണാൻ കയറിയപ്പോൾ എനിക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ കിട്ടി. എല്ലാവരും അറുപതിനു മേൽ പ്രായമുള്ളവരാണ്. വർക്കലയിൽ നിന്നും ഒരു സംഘമായി എത്തിച്ചേർന്നവർ. വിശ്രമജീവിതം ആസ്വാദ്യകരമാക്കാൻ ഇങ്ങനെയും ചില വഴികൾ .. അന്ന് തന്നെയാണ്  ഫ്രാൻസിൽ നിന്ന് വന്ന ലൂയിസിനെ പരിചയപ്പെട്ടത്. നീല കണ്ണുള്ള ഒരു സുന്ദരക്കുട്ടപ്പൻ. പുള്ളിയ്ക്ക് മലയാള സിനിമകൾ വളരെ ഇഷ്ടം. എലി പത്തായവും യക്ഷിയുമൊക്കെ കണ്ടെന്നു പറഞ്ഞപ്പോൾ എന്റെ കിളി പറന്നു!
കമ്മിറ്റ്മെൻറ് കണ്ടതിനു ശേഷം വെറുതെ ധന്യ - രമ്യ തിയറ്ററിലേക്ക് പോയ ഞാൻ കണ്ടത് ഭീകരമായ ഒരു കാഴ്ചയാണ് . ഏ ഡാർക്ക് ഡാർക്ക് മാൻ കാണാൻ വന്നവർ തിയറ്ററിലേക്ക് ഇടിച്ച് കയറുന്നു. ആ ബഹളത്തിനിടയിൽ ഞാനും ചെന്നു കയറി കൊടുത്തു. തിക്കി തിരക്കി നിലത്തൊക്കെ ഇരുന്ന് സിനിമ കണ്ടു. അത് കഴിഞ്ഞിറങ്ങിപ്പോൾ അതാ അച്ചുവും മേഘനയും . ഒരുമിച്ച് ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങൾ സിനിമയും കണ്ട് യാത്രയായി. ഇതിനൊക്കെ ഇടയിൽ വോളന്റിയറിങ്ങ് കർമ്മനിരതനായ സാത്വിക്കിന്റെ സ്നേഹാ ന്വേഷണങ്ങളും, തമ്മിൽ തല്ലാണെങ്കിലും കാര്യങ്ങൾ അന്വേഷിയ്ക്കാൻ അവൻ മറന്നില്ല.

അടുത്ത വർഷം എവിടെയായിരിയ്ക്കും എങ്ങനെയായിരിയ്ക്കും എന്നൊന്നും അറിയില്ലെങ്കിലും ഒരു സിനിമയെങ്കിലും വന്ന് കണ്ടിരിയ്ക്കും, ഉറപ്പാണ്. 

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...